ചുവപ്പ് കാർഡും മഞ്ഞക്കാർഡും വന്ന വഴിയിൽ കറുപ്പ് ആംബാൻഡ് ധരിച്ച് അവർ കളിച്ചതിൻ്റെ ചരിത്രം.ഇംഗ്ലണ്ട് അർജൻ്റീന പോരാട്ടത്തിന് മുൻപ് അവരുടെ തീ പാറും ചരിത്രം പഠിക്കാം

ചുവപ്പ് കാർഡും മഞ്ഞക്കാർഡും വന്ന വഴിയിൽ കറുപ്പ് ആംബാൻഡ് ധരിച്ച് അവർ കളിച്ചതിൻ്റെ ചരിത്രം.ഇംഗ്ലണ്ട് അർജൻ്റീന പോരാട്ടത്തിന് മുൻപ് അവരുടെ തീ പാറും ചരിത്രം പഠിക്കാം
Jul 13, 2026 02:16 PM | By PointViews Editor

     ലോകകപ്പ് ഫുട്ബോൾ സെമിയിൽ ഇംഗ്ലണ്ട് ജയിക്കണോ അതോ അർജൻ്റീന ജയിക്കണോ എന്ന് തിരിച്ചറിയാനാകാതെ വിഷമിക്കുന്ന ഒരേയൊരാൾ ആരായിരിക്കും? അത് മറ്റാരുമല്ല ഇംഗ്ലണ്ടിൻ്റെ മുൻ ക്യാപ്റ്റനും ഇതിഹാസ താരവുമായ ഡേവിഡ് ബക്കാം. സാക്ഷാൽ ഗോട്ട് ലയണൽ മെസി കളിക്കുന്ന അമേരിക്കൻ ക്ലബായ ഇൻ്റർ മിയാമിയുടെ മുതലാളി, മെൻ്റർ. ബെക്കാമും മെസിയും തമ്മിലുള്ള ഇരിപ്പുവശം വച്ച് നോക്കുമ്പോൾ ബെക്കാമിന് മെസി വിജയിക്കണമെന്ന ആഗ്രഹം തോന്നുക സ്വാഭാവികം. അത് തൻ്റെ ക്ലബ്ബിന് കൂടി നേട്ടമാണ്. എന്നാൽ ഫുട്ബോളിൽ അർജൻ്റീനയും ഇംഗ്ലണ്ടും തമ്മിലുള്ള ബന്ധം മാത്രമല്ല ഇരുവരും തമ്മിലുള്ള രാഷ്ട്രീയ പോരും ലോക ചരിത്രത്തിലും ഫുട്ബോൾ ചരിത്രത്തിലും ശ്രദ്ധേയമാണ്. ഒരു വേള ഫുട്ബോൾ ചരിത്രത്തിൽ പല മാറ്റങ്ങൾക്ക് കാരണമായത് ഇംഗ്ലണ്ട്- അർജൻ്റീന ഫുട്ബോൾ മത്സരങ്ങളായിരുന്നു. എന്ന് മാത്രമല്ല അതൊരു രാഷ്ട്രീയ പോരാട്ടം കൂടിയായിരുന്നു.

സ്വിറ്റ്സർലന്റിനെതിരായ ക്വാർട്ടറിൽ അർജന്റീനൻ ടീം ഒരു കറുത്ത ആംബാൻഡ് ധരിച്ചിരുന്നു. അതും ഫുട്ബോളിലെ ഒരു പ്രധാന നിയമത്തിന്റെ ജനനവുമായി ഒരു ബന്ധമുണ്ട്. വരാനിരിക്കുന്ന അർജന്റീന-ഇംഗ്ലണ്ട് സെമിഫൈനലിന്റെ ചരിത്രവും രാഷ്ട്രീയവുമായും അതിനു ബന്ധമുണ്ട്.

ഇന്ന് നമുക്കെല്ലാം സുപരിചിതമായ നിയമമാണ് ഫൗൾ ചെയ്താൽ നൽകുന്ന മഞ്ഞ-ചുവപ്പ് കാർഡുകൾ. ഈ കാർഡ് സിസ്റ്റത്തിന്റെ ജനനം ഒരു അർജന്റീനൻ കളിക്കാരനുമായി ബന്ധപ്പെട്ടു‌ കിടക്കുന്നു; 1966 ലോകകപ്പിലെ അർജന്റീനൻ ക്യാപ്റ്റൻ ആയിരുന്ന അന്റോണിയോ റാറ്റിനുമായി.

അക്കാലത്തൊന്നും മഞ്ഞ-ചുവപ്പ് കാർഡുകൾ ഉണ്ടായിരുന്നില്ല. റഫറിമാർ ആംഗ്യം വഴിയും വാക്കാൽ പറഞ്ഞുമാണ് താക്കീതും ശിക്ഷയുമൊക്കെ നൽകിയിരുന്നത്.

1966 ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ അർജന്റീന ഇംഗ്ലണ്ടിനെ നേരിടുകയായിരുന്നു. കളിയിലെ ഒരു ഫൗളിനെ തുടർന്നുണ്ടായ തർക്കം മൂലം ജർമൻ റഫറി ആയ റുഡോൾഫ് ക്രെയ്റ്റ്ലിൻ അർജന്റീനൻ ക്യാപ്റ്റൻ റാറ്റിനെ കളിയിൽ നിന്നു പുറത്താക്കി. റാറ്റിനാകട്ടെ ഇംഗ്ലീഷോ ജർമനോ അറിയുമായിരുന്നില്ല, റഫറിക്ക് തിരിച്ചു സ്പാനിഷും. ഭാഷ അറിയാത്തതിനാൽ റാറ്റിൻ എന്താണു തർക്കിച്ചതെന്ന് മനസ്സിലാക്കുക പോലും ചെയ്യാതെയാണ് റഫറി റാറ്റിനെ പുറത്താക്കിയത്.

നീതികിട്ടിയില്ലെന്ന തോന്നലും കമ്യൂണിക്കേഷനിലുള്ള ആശയക്കുഴപ്പവും മൂലം റാറ്റിൻ മൈതാനം വിട്ടു പോകാൻ തയ്യാറായില്ല. അയാൾ റഫറിയുമായി സംസാരിക്കുവാൻ ഒരു വിവർത്തകനെ ആവശ്യപ്പെട്ടു കളത്തിൽ പ്രതിഷേധിച്ചു നിന്നു. ഒടുവിൽ 10 മിനിട്ടോളം കഴിഞ്ഞ്‌ പോലീസെത്തിയാണ് റാറ്റിനെ കളത്തിൽ നിന്ന് നീക്കിയത്. ഇംഗ്ലീഷ്/ബ്രിട്ടീഷ് രാജ്ഞിയായ എലിസബത്തിനു ഒരുക്കിയിരുന്ന ചുവന്ന പരവതാനിയിൽ കുത്തിയിരുന്നാണ് അന്നു റാറ്റിൻ പ്രതിഷേധിച്ചത്. ആ കളി അർജന്റീന ഒരു‌ ഗോളിനു ഇംഗ്ലണ്ടിനോട് തോൽക്കുകയും ഇവൻച്വലി ഇംഗ്ലണ്ട് ആ ലോകകപ്പ് നേടുകയും ചെയ്തു.

ഈ സംഭവം ഭാഷാപരമായ പ്രശ്നങ്ങളില്ലാതെ എങ്ങിനെ കളിക്കളത്തിൽ റഫറിമാർക്ക് കളിക്കാരോട് ഇങ്ങനെയുള്ള കാര്യങ്ങൾ കമ്യൂണിക്കേറ്റ് ചെയ്യാനാവും എന്ന ചിന്തയിൽ ഫിഫയെ എത്തിച്ചു. ഫിഫയുടെ റഫറി കമ്മിറ്റിയുടെ തലവനായിരുന്ന കെൻ ആസ്റ്റനാണ് അതിനൊരു പരിഹാരം കണ്ടത്.

അന്നു റോഡിൽ ഡ്രൈവ് ചെയ്യവേ ശ്രദ്ധിച്ച ട്രാഫിക്‌ സിഗ്നലുകൾ കെന്നിന്റെ ചിന്തയെ ഉണർത്തി. താക്കീതുകൾക്ക് മഞ്ഞ, കടുത്ത കുറ്റങ്ങൾക്ക് ചുവപ്പ് എന്ന കാർഡ് സിസ്റ്റത്തിന്റെ ആശയം ആ റോഡിൽ വച്ച് അദ്ദേഹത്തിന്റെ തലയിൽ ഉദിക്കുകയും അത് കെൻ ഫിഫയ്ക്കു മുന്നിൽ അവതരിപ്പിച്ച് അംഗീകാരം നേടുകയും ചെയ്തു. അങ്ങനെ, ബ്രസീൽ ജേതാക്കളായ 1970-ലെ ലോകകപ്പിൽ ആദ്യമായി മഞ്ഞ-ചുവപ്പു കാർഡുകൾ അവതരിപ്പിക്കപ്പെട്ടു.

അന്നത്തെ വിവാദ നായകൻ അന്റോണിയോ റാറ്റിൻ‌ കഴിഞ്ഞ ദിവസം തന്റെ എൺപത്തൊൻപതാം വയസ്സിൽ അന്തരിച്ചിരുന്നു. ഫുട്ബോളിലെ കാർഡ് നിയമങ്ങൾക്കു കാരണക്കാരനായ അദ്ദേഹത്തിന്റെ സ്മരണാർത്ഥമാണ് അർജന്റീനൻ ടീം ഒന്നാകെ ഇന്ന് കറുത്ത ബാൻഡ് കെട്ടി കളിച്ചത്.

ഇനി, ആ കറുത്ത ബാൻഡ് എങ്ങിനെ വരാനിരിക്കുന്ന അർജന്റീന-ഇംഗണ്ട് സെമിയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നല്ലേ?

66-ലെ ആ ക്വാർട്ടർ ഫൈനൽ വലിയ കോളിളക്കങ്ങൾ സൃഷ്ടിച്ചു. കളിക്കു ശേഷം ഇംഗണ്ട് മാനേജർ ആൽഫ് റാംസേ അർജന്റീനൻ ടീമിനെ വിശേഷിപ്പിച്ചത് "മൃഗങ്ങൾ" എന്നായിരുന്നു. തോൽവിക്കും വിവാദമായ റഫറിയിംഗിനും ഒപ്പം ഇതും അർജന്റീനൻ ജനതയെ വല്ലാതെ പ്രകോപിപ്പിച്ചു. "നൂറ്റാണ്ടിന്റെ മോഷണം" എന്നാണ് അർജന്റീനക്കാർ ആ കളിയെ വിളിച്ചത്. അതോടെ കളിക്കുപരിയായി ഒരു വൈരം അർജന്റീനയും ഇംഗ്ലണ്ടും തമ്മിൽ ഉടലെടുത്തു.

1982-ൽ അർജന്റീനയുടെ തെക്കൻ തീരത്തെ ദ്വീപുസമൂഹമായ ഫോക്‌ലാൻഡിന്റെ അധികാരത്തെ ചൊല്ലി ബ്രിട്ടനും അർജന്റീനയും യുദ്ധത്തിൽ ഏർപ്പെടുകയും അതിൽ അർജന്റീന പരാജയപ്പെടുകയും ചെയ്തു. ഇത് അർജന്റീന-ഇംഗ്ലീഷ്‌ കളിവൈരത്തെ രാഷ്ട്രീയവും സാമൂഹ്യവുമായി മാറ്റി.

ഈ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് 1986-ലെ ലോകകപ്പിൽ, മറ്റൊരു ക്വാർട്ടർ ഫൈനലിൽ വീണ്ടും അർജന്റീനയും ഇംഗ്ലണ്ടും ഏറ്റുമുട്ടുന്നത്. കുപ്രസിദ്ധമായ "ദൈവത്തിന്റെ കൈയ്യും" തൊട്ടുപുറകെ "നൂറ്റാണ്ടിന്റെ ഗോളും" സംഭവിച്ച കളി. പക തിളച്ചുകൊണ്ടിരുന്നു. മൽസരം ഇരു ടീമിനും വൈകാരികമായിരുന്നു. മറഡോണയുടെ ഇരട്ട ഗോളിൽ അന്നു അർജന്റീന ചിരവൈരികളെ കീഴടക്കി. ആ ലോകകപ്പിൽ ജേതാക്കളാവുകയും ചെയ്തു.

മൽസര ശേഷം മറഡോണ തന്റെ ഹാൻഡ്ബോൾ ഗോളിനെ‌ കുറ്റബോധമില്ലാതെ ന്യായീകരിച്ചത് പഴയ "നൂറ്റാണ്ടിന്റെ മോഷണത്തിന്" ഉള്ള മറുപടി എന്നായിരുന്നു. ഫോക്‌ലാൻഡിൽ മരിച്ചുവീണ അർജന്റീനൻ സൈനികർക്കായി അദ്ദേഹം ആ കളി സമർപ്പിച്ചു. വെറും കളിയായല്ല, ഫോക്‌ലാൻഡ് യുദ്ധത്തിനു ഇംഗ്ലീഷുകാരോടുള്ള അർജന്റീനയുടെ പകരം വീട്ടലായാണ് ആ കളിയെ മറഡോണ പ്രഖ്യാപിച്ചത്.

കാലം വീണ്ടുമുരുണ്ടു. 1998-ലെ ലോകകപ്പിൽ വീണ്ടും അർജന്റീനയും ഇംഗ്ലണ്ടും ഏറ്റുമുട്ടി. അന്നു അർജന്റീനയുടെ സിമിയോണി ഫൗൾ ചെയ്യപ്പെട്ടതായി അഭിനയിച്ചതിനെ തുടർന്നു ഇംഗ്ലീഷ് ഇതിഹാസതാരം ഡേവിഡ് ബെക്കാം വിവാദമായ ചുവപ്പുകാർഡ് കണ്ടു പുറത്തു പോവുകയും അർജന്റീന കളി ജയിക്കുകയും ചെയ്തു. 2002-ൽ ബെക്കാമിന്റെ പെനാൽറ്റി കിക്കിൽ ഗോളടിച്ചു കളി ജയിച്ചുകൊണ്ടാണ് ഇംഗ്ലണ്ട് അർജന്റീനയോട് പകരം വീട്ടിയത്.

അതായിരുന്നു അവസാനമായി ലോകകപ്പിൽ ഇംഗ്ലണ്ടും അർജന്റീനയും നേർക്കുനേർ വന്ന കളി. രാജ്യങ്ങൾ തമ്മിൽ നിലനിൽക്കുന്ന ശത്രുത മൂലം പതിറ്റാണ്ടുകളായി ഇരു രാജ്യങ്ങളും ഒരു സൗഹൃദമൽസരം പോലും പരസ്പരം കളിക്കാറില്ല. ലോകകപ്പ് പോലെയുള്ള മഹാമാമാങ്കങ്ങളിൽ, ഒഴിച്ചുകൂടാനാവാത്ത ഇത്തരം സാഹചര്യങ്ങളിൽ നേർക്കുനേർ വരുമ്പോൾ മാത്രമേ ഈ ബദ്ധശത്രുക്കൾ പരസ്പരം ഏറ്റു മുട്ടാറുള്ളു. അപ്പോഴൊക്കെയും എന്തെങ്കിലും പ്രശ്നങ്ങളില്ലാതെ രണ്ടു ടീമും കളികൾ പൂർത്തിയാക്കിയിട്ടില്ല. ഒരു തരം ക്രിക്കറ്റിലെ ഇന്ത്യാ-പാക്കിസ്ഥാൻ റൈവൽറി പോലെ പകനിറഞ്ഞ ഒരു കളിബന്ധം.

ഇതുവരെ 66-ലെ ഒരു ലോകകപ്പ് മാത്രം ജയിച്ചിട്ടുള്ള ഇംഗ്ലണ്ടിനു അർജന്റീനയെ തോൽപ്പിച്ചു ഫൈനലിലെത്തി വീണ്ടുമൊരു കപ്പെടുക്കുക എന്നത് വെറും ലോകകപ്പ് സ്വപ്നങ്ങൾക്കും അപ്പുറം ആ രാജ്യത്തെയപ്പാടെ ലഹരിപിടിപ്പിക്കുന്ന ഇരട്ടി മധുരമാണ്. അതിനവർ വേണമെങ്കിൽ ജീവനും കൊടുക്കും. ഒരു പക്കാ യൂറോപ്യൻ ടീമായ ഇംഗ്ലണ്ടിനാണെങ്കിൽ കളിക്കളത്തിലെ "കായികാഭ്യാസം" പുത്തരിയല്ല താനും.‌

അർജന്റീനയ്ക്ക് 2002-ലെ തോൽവിക്കു പകരം വീട്ടേണ്ടതുണ്ട്. 24 വർഷത്തിന്റെ കാത്തിരിപ്പാണ്. കഴിഞ്ഞ ദിവസം അവരെ വിട്ടുപിരിഞ്ഞ അവരുടെ പ്രിയ റാറ്റിനു ആദരാഞ്ജലിയായി അർജന്റീനയ്ക്ക് ഇംഗ്ലണ്ടിനെ തോൽപ്പിച്ചേ മതിയാകൂ. റാറ്റിന്റെ ഓർമ്മയ്ക്കായി കെട്ടിയ കറുത്ത ബാൻഡണിഞ്ഞുള്ള കളി ജയിച്ചാണു ഇംഗ്ലണ്ടുമായുള്ള സെമി ഫൈനലിലേക്ക് അവർ മാർച്ചു ചെയ്യുന്നതെന്നതാണ് ഇതിലെ കൗതുകകരമായ യാദൃശ്ചിക ബന്ധം. ഈ ലോകകപ്പ് വേളയിലെ റാറ്റിന്റെ മരണവും ഇംഗ്ലണ്ടുമായുള്ള കാത്തുകാത്തിരുന്ന പോരാട്ടവും അർജന്റീനയുടെ ഉള്ളിൽ പൊടിമൂടിക്കിടന്ന പഴയ വൈരത്തെ തട്ടിയുണർത്തിയിട്ടുണ്ടാവാം.

ചരിത്രം വീണ്ടും ഇരമ്പിത്തുടങ്ങുന്നു. കാലങ്ങളുടെ കണക്കുകൾ തീർക്കാനുള്ളവർ വീണ്ടും കാൽപ്പന്ത് തട്ടാൻ ഇറങ്ങുകയാണ്. അറ്റ്ലാന്റയുടെ പുൽമൈതാനത്തിനു ചൊവ്വാഴ്ച പുലർച്ചെ തീപിടിക്കുമെന്ന് തീർച്ച.

എന്നാൽ ഇന്ന് ഇംഗ്ലണ്ടും അർജൻ്റീനയും രാഷ്ട്രീയ സുഹൃത്തുക്കളാണ്. ഫുട്ബോളിലും സൗഹൃദമാണ്. എന്നാൽ കളിക്കളത്തിൽ പക്ഷെ തീ പാറും.

The history of them playing wearing black armbands on the way to receiving red and yellow cards. Let's learn the history of their fiery performances before the England-Argentina match.

Related Stories
മെസി മുണ്ടുടുത്ത് കൊച്ചിയിൽ കളിക്കും, മലപ്പുറത്ത് കളി പഠിപ്പിക്കും....വരുമോ?

Sep 6, 2024 11:14 AM

മെസി മുണ്ടുടുത്ത് കൊച്ചിയിൽ കളിക്കും, മലപ്പുറത്ത് കളി പഠിപ്പിക്കും....വരുമോ?

മലപ്പുറത്ത് കളി പഠിപ്പിക്കും,മെസി മുണ്ടുടുത്ത് കൊച്ചിയിൽ കളിക്കും,...

Read More >>
Top Stories